ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഈ ഗ്രാമത്തിലെ ഭൂമിയില്‍ ഭൂരിഭാഗവും ദേവസ്വങ്ങളുടേതായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് പ്രധാന മന്ത്രിയായിരുന്ന രാമയ്യന്‍ ദളവ വള്ളിക്കുന്നിന്റെ ആസ്ഥാനമായ ബ്രഹ്മമംഗലത്ത് ഇല്ലിക്കോട്ട സ്ഥാപിച്ചു.  അതിര്‍ത്തി സംരക്ഷിക്കാനും തിരുവിതാംകൂറിന്റെ സംരക്ഷണത്തിനും വേണ്ടി നിര്‍മ്മിച്ചതാണ് ഈ കോട്ട. ദേവസ്വം സ്വത്തുക്കള്‍ ഇടപ്രഭുക്കള്‍ക്ക് കൈമാറിയതോടെ ജന്മിമാര്‍ രൂപംകൊണ്ടു. ജന്മിത്വവും അയിത്തവും ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഈ പ്രദേശത്ത് മത്സ്യം ധാരാളം ലഭിച്ചിരുന്നു. മത്സ്യത്തിന് തമിഴ് ബ്രഹ്മണര്‍ ചമ്പ എന്നു പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. ചമ്പ ലഭിച്ചിരുന്ന സ്ഥലം ചമ്പുവും പിന്നീട് ചെമ്പുമായി മാറിയതാകാം. ചുവന്ന മണ്ണുള്ള ഭൂമി എന്നര്‍ഥം വരുന്ന ചെംഭൂവാണ് പിന്നീട് ചെമ്പ് ആയിത്തീര്‍ന്നത് എന്നും അഭിപ്രായമുണ്ട്. വൈക്കം പത്മനാഭപിള്ള, പാലിയത്തച്ഛന്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടവാളുയര്‍ത്തി മെക്കാളെ പ്രഭുവിന്റെ കൊച്ചിക്കോട്ട ആക്രമിച്ച ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയരാമന്‍ ഈ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ഗണനീയനാണ്. ചെമ്പ് കുഴിവേലില്‍ ശങ്കരപ്പണിക്കര്‍ ഈ പ്രദേശത്തെ ഖാദിപ്രചാരകനായിരുന്നു. വിദ്വാന്‍ എന്‍.പി.പണിക്കര്‍ പ്രമുഖ ഹിന്ദി പ്രചാരകനായിരുന്നു. വിത്തൊഴിവാക്കി പാട്ടമളക്കുന്നതിനു വേണ്ടിയുള്ള 1954-ലെ കര്‍ഷകസമരവും 1956-ലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശസമരവും ശ്രദ്ധേയമാണ്. 1948-ല്‍ രൂപം കൊണ്ട പഞ്ചായത്ത് ഗ്രന്ഥശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. വൈക്കം-എറണാകുളം റോഡാണ് ഈ പഞ്ചായത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ റോഡ്. ബ്രഹ്മമംഗലം മഹാദേവക്ഷേത്രം, സെന്റ് തോമസ് ദേവാലയം, പനങ്ങാവില്‍ ക്ഷേത്രം, ശ്രീജഗദാംബിക ക്ഷേത്രം, കാട്ടിക്കുന്നു മുസ്ളീം ദേവാലയം, പനയ്ക്കല്‍ ദേവീക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനമായ ബ്രഹ്മമംഗലത്തുള്ള ഇല്ലിക്കോട്ട കൊച്ചി രാജ്യവുമായുള്ള അതിര്‍ത്തി തിരിക്കുവാനും തിരുവിതാംകൂറിന്റെ സംരക്ഷണത്തിനുമായി സ്ഥാപിക്കപ്പെട്ട കോട്ടകളില്‍ പ്രധാനമാണ്. കേരളത്തില്‍ മറ്റെല്ലായിടത്തും ഉണ്ടായിരുന്നതുപോലെ തന്നെ ജാതി വ്യവസ്ഥയുടെ തീഷ്ണത ഇവിടെയും നിലനിന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥത ഭൂരിഭാഗവും സവര്‍ണ്ണ ജന്മിമാരുടെയും, ദേവസ്വത്തിന്റെയും കയ്യിലായിരുന്നു. ഒരുകാലത്ത് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥികളിലൂടെ അവര്‍ണ്ണ ജാതിയില്‍പെട്ടവര്‍ക്ക് നടക്കുന്നതിന് പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് 1924-ല്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത വൈക്കം സത്യാഗ്രഹം നടന്നത്. അയിത്താചരണത്തിനെതിരായി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വൈക്കം സത്യാഗ്രഹം, വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഉണ്ടായ നവോത്ഥാനത്തിന്റെ അലയൊലികള്‍ ചെമ്പിലും എത്തുകയുണ്ടായി.